തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതിയാരോപണത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച മുന്‍ മന്ത്രി എം. എം മണിക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതി നടന്നെങ്കില്‍ കഴിഞ്ഞ ആറ് വര്‍ഷം എല്‍ഡിഎഫ് ഭരിച്ചിട്ടും എന്ത് കൊണ്ട് നടപടി എടുത്തില്ലെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി ഇല്ലാത്തതു കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി എടുക്കാത്തത്. സര്‍ക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷനേടാനുള്ള അടവാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോളാണ് കെഎസ്ഇബിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നതെന്നും കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വെച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും മണി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
അതേസമയം, കെ എസ് ഇ ബി ഭൂമി കൈമാറ്റത്തിലൂടെ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ബന്ധുക്കള്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. നൂറ് കണക്കിന് ഭൂമിയാണ് ചട്ടവിരുദ്ധമായി കൈമാറിയത്. വൈദ്യുത ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ഇത്തരത്തിലുള്ള അഴിമതിയെത്തുടര്‍ന്നാണ്. അതിനാല്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധന നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുത്. കെ എസ് ഇ ബി ഹൈഡല്‍ ടൂറിസം പദ്ധതിയിലെ ഭൂമി കൈമാറ്റം നിയമവിരുദ്ധമായിട്ടാണെന്ന് റവന്യൂ വകുപ്പ് തന്നെ പറഞ്ഞുവെന്നും ഭൂമി കൈമാറ്റം റദ്ദാക്കി സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മുന്‍ വൈദ്യുതി മന്ത്രി എം എം മണിയെ പോലെ ഒരു തട്ടിപ്പുകാരന് കേരളത്തില്‍ വേറെയില്ലെന്നും ലാലു പ്രസാദ് യാദവിന്റ കേരള പതിപ്പാണ് മണിയെന്നുമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വിമര്‍ശനം. കെഎസ്ഇബിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.

