കൊല്‍ക്കത്ത: ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസിനെ വിളിക്കണമെന്നും, യോഗം രാഷ്ട്രീയ സഖ്യത്തിന് വേദിയാക്കരുതെന്നും മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ട് സിപിഎം. കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനു ശേഷം മമത ബാനര്‍ജി ദേശീയ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു.
അതിനാല്‍, ന്യൂഡല്‍ഹിയിലെത്തിയ മമതയെ കാണാന്‍ സോണിയ ഗാന്ധി കൂട്ടാക്കിയിരുന്നില്ല. ശേഷം കോണ്‍ഗ്രസിന് സ്വന്തം വഴി തേടാമെന്ന് മമത വ്യക്തമാക്കി. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയക്കുള്ള നീക്കം തുടങ്ങിയെന്നും മമത അറിയിച്ചിരുന്നു. ചന്ദ്രശേഖര റാവു, എം കെ സ്റ്റാലിന്‍ എന്നിവരുമായി അവര്‍ സംസാരിച്ചിരുന്നു. അഖിലേഷ് യാദവിനായി മമത പ്രചരണത്തിനിറങ്ങിയിരുന്നു. എന്നാല്‍, യുപിയിലെ ഫലം വന്നാല്‍ മാത്രമേ മമതയുടെ നീക്കം വിജയിക്കുമോ എന്നറിയാന്‍ സാധിക്കൂ. അതേസമയം, ഗോവയില്‍ തൃണമൂല്‍ നടത്തിയ നീക്കം ജനം തള്ളിയെന്നാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്.
ആത്മപരിശോധന നടത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നീ ഗ്രൂപ്പ് 23 നേതാക്കള്‍ ആവര്‍ത്തിച്ചു. ബദല്‍ നേതൃത്വം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ല എന്ന അശ്വിനി കുമാറിന്റെ വാക്കുകള്‍ രാഹുല്‍ ഗാന്ധിക്കും ചുറ്റുമുള്ളവര്‍ക്കുമെതിരായ അമര്‍ഷത്തിന്റെ കൂടി സൂചനയാണ്.

