ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഉടൻ സാധാരണ നിലയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യവാരത്തോടെയോ സാധാരണ നിലയിലാകുമെന്നാണ് വിവരം.
അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കും നിയന്ത്രണങ്ങളും നീക്കിയേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ല. ഫെബ്രുവരി 28 വരെയാണ് ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. 2020 മാർച്ച് 23 മുതലാണ് അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. അതേസമയം 2020 ജൂലൈ മുതൽ ഇന്ത്യയും 40 രാഷ്ട്രങ്ങളും തമ്മിലുള്ള ധാരണ പ്രകാരം എയർ ബബിൾ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്ത് ഒമിക്രോൺ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം നീട്ടിയത്. ഇന്ത്യയിൽ ഡിസംബർ 15 മുതൽ വിമാന സർവീസുകൾ പുനസ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

