മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘങ്ങളും സംസ്ഥാനത്ത് അഴിഞ്ഞാടുന്നു; വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകങ്ങളും ക്വട്ടേഷൻ സംഘങ്ങളേയും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു. മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘങ്ങളും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഹരിപ്പാട്ട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. സിപിഎമ്മാണ് ഹരിപ്പാട്ടെ കൊലപാതകത്തിന് പിന്നിലുള്ളത്. ഏഴ് പ്രതികളും സി.പി.ഐ.എം പ്രവർത്തകരാണ്. കഞ്ചാവ് വിൽപന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മാഫിയ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിപ്പാട് കുമാരപുരത്താണ് ബിജെപി പ്രവർത്തകൻ കുത്തേറ്റ മരിച്ചത്. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് കൊല്ലപ്പെട്ടത്.

ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. അതേസമയം ലഹരി സംഘവുമായാണ് തർക്കം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.