മധുകൊലക്കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സി രാജേന്ദ്രനെ നിയമിച്ച് സർക്കാർ

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ചു. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോനാണ് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. കേസ് ഈ മാസം 18 ന് ഒറ്റപ്പാലം എസ് സി/ എസ് ടി കോടതി കേസ് പരിഗണിക്കും.

കടയിൽ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവർമാരുമായ മറ്റു പ്രതികളും ചേർന്ന് 2018 ഫെബ്രുവരി 22 ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈൻ, മൂന്നാം പ്രതി ഷംഷുദ്ദീൻ, പതിനാറാം പ്രതി മുനീർ എന്നിവരാണ് മധുവിനെ മർദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.

സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീൻ വടികൊണ്ട് അടിച്ചതിനാൽ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീർ കാൽമുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കൊലപാതകം, പട്ടിക ജാതി പട്ടിക വർഗ്ഗ പീഡനം ഉൾപ്പടെയുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.