ഓർത്തഡോക്‌സ് സഭാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷ

ന്യൂഡൽഹി: ഓർത്തഡോക്‌സ് സഭാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ. മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷനായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഓർത്തോഡോക്‌സ് സഭയിൽ ഏഴ് വൈദികരെ മെത്രാപ്പോലീത്തമാരായി തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നും അപേക്ഷയിലുണ്ട്.

പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോൾ വർഗീസ്, ജോണി ഇ.പി, കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ കുഞ്ഞച്ചൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. യാക്കോബായ വിശ്വാസികളാണ് ഇവരെല്ലാം. ഇവർ നേരത്തെ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീംകോടതി ഓർത്തോഡോക്‌സ് വൈദികർക്കും ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസ് അയച്ചിരുന്നു.

വൈദികർക്ക് മെത്രോപ്പോലീത്ത പട്ടം നൽകുന്ന ചടങ്ങ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത് ഫെബ്രുവരി 25-നാണ്. അതിനാൽ തന്നെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് യാക്കോബായ വിശ്വാസികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം മൂന്ന് ആഴ്ചയ്ക്ക് ശേഷമേ അപേക്ഷ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.