ന്യൂഡല്‍ഹി: യുപിഎ കാലത്തെ മുന്‍ കേന്ദ്ര നിയമമന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു. സംസ്ഥാന കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും അതിനാല്‍ പാര്‍ട്ടി വിടുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ‘നിലവിലെ സാഹചര്യത്തില്‍ തന്റെ അന്തസിന് യോജിച്ച രീതിയില്‍, പാര്‍ട്ടിക്ക് പുറത്ത് നിന്നു കൊണ്ട് ദേശീയ വിഷയങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു’- അശ്വനി കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
സോണിയാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു അശ്വനി കുമാര്‍. നേരത്തെ പാര്‍ട്ടിക്കകത്ത് നിന്ന് കൊണ്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക്, തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത നേതാവാണ് ഇദ്ദേഹം.
ഇതോടെ 46 വര്‍ഷത്തെ കോണ്‍ഗ്രസുമായുള്ള ബന്ധമാണ് അശ്വനി കുമാര്‍ അവസാനിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ തനിക്ക് നല്കിയ പരിഗണനക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

