താന്‍ മന്ത്രിയായിരുന്നപ്പോള്‍ കെഎസ്ഇബിയുടെ സുവര്‍ണ കാലം; ചെയര്‍മാന്റെ വിമര്‍ശനത്തിന് മറുപടിയുമായി എം.എം മണി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന കെഎസ്ഇബി ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മന്ത്രി എം.എം മണി. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി ചോദിച്ചു.

ഇപ്പോള്‍ പോലീസ് സംരക്ഷണം വേണ്ട സ്ഥിതിയില്‍ വരെ കൊണ്ടുവന്ന് എത്തിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെയും ചെയര്‍മാനെയും ലക്ഷ്യമിട്ട് എം എം മണി പരിഹസിച്ചു. താന്‍ മന്ത്രിയായിരിക്കെ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തി. വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തി. ഇടത് മന്ത്രിമാരില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു. നാലര വര്‍ഷം ഞാന്‍ മന്ത്രിയായിരുന്നു. അത് വൈദ്യുതി ബോര്‍ഡിന്റെ സുവര്‍ണകാലമായിരുന്നുവെന്ന് നാട്ടില്‍ റഫറണ്ടം നടത്തിയാല്‍ ആളുകള്‍ പറയും. ഇപ്പോള്‍ അശോകന്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രതികരിക്കും.’- എം എം മണി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്. കെ കൃഷ്ണന്‍കുട്ടി എല്‍ഡിഎഫിന്റെ നേതാവല്ലേ?. പറയേണ്ടത് ആലോചിച്ചല്ലേ പറയേണ്ടത്. പറയേണ്ടത് തീര്‍ത്ത് കെട്ടി താന്‍ പറയുമെന്നും മണി പറഞ്ഞു. ബോര്‍ഡിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അശോകന്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും മണി പ്രതികരിച്ചു.

ഡോ.ബി.അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്. അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. അതേസമയം, എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്റെ പ്രധാന ആക്ഷേപം.