കോഴിക്കോട്: ഹിജാബ് എന്നത് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണെന്നും, ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്നും വ്യക്തമാക്കി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത്. ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും കോഴിക്കോട് നടന്ന സമസ്ത പ്രവാസി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു. ഹിജാബിന്റെ പേരില്‍ ആവശ്യമില്ലാത്ത ചര്‍ച്ചകളാണ് നടക്കുന്നത്. ഹിജാബ് നിരോധനം, വിവാഹ പ്രായത്തിലെ മാറ്റം ഇവയിലെല്ലാം മത സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഹിജാബ് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇപ്പോഴും വാദം തുടരുകയാണ്. ഭരണഘടനപരമായ വിഷയങ്ങള്‍ ഉള്ളതിനാല്‍ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച എംഎല്‍എ അധ്യക്ഷനായ സമിതിക്ക് ഹിജാബ് നിരോധിക്കാന്‍ അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. ഹിജാബ് മതവിശ്വാസത്തിന്റെ ഭാഗമാണെന്നും മൗലികാവകാശമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

