കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് തിരിച്ചടി

പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് തിരിച്ചടി. ബിഹാറിലെ കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് കണ്ടെത്തൽ. കേസിൽ ഇന്ന് ലാലു പ്രസാദ് യാദവ് കോടതിയിൽ ഹാജരായിരുന്നു. ഡൊറാൻഡ ട്രഷറിയിൽ നിന്നും 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് ലാലുവിനെതിരെയുള്ള അഞ്ചാമത്തെ കേസ്.

ആദ്യ നാലു കേസുകളിലും ലാലുവിന് ശിക്ഷ വിധിച്ചിരുന്നു. നിലവിൽ അദ്ദേഹം ജാമ്യത്തിലാണ്. 2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. അവസാന കേസിലെ വിധി പ്രഖ്യാപിക്കുന്നതോടെ അദ്ദേഹം വീണ്ടും ജയിലഴിക്കുള്ളിലാകുമെന്നാണ് റിപ്പോർട്ട്. ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രിയായിരിക്കെ മൃഗക്ഷേമ വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടത്തിയെന്നാണ് കേസ്.

കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ കണക്കുകൾ കാട്ടി സംസ്ഥാനത്തെ ട്രഷറികളിൽ നിന്നായി 950 കോടിയിലേറെ രൂപ പിൻവലിച്ചുവെന്ന് കേസന്വേഷണത്തിൽ തെളിഞ്ഞു. ആർജെഡിയിൽ അധികാര തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേസിൽ ലാലു പ്രസാ്ദ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. ലാലു പ്രസാദ് യാദവ് ജയിലിലാകുകയാണെങ്കിൽ വീണ്ടും പാർട്ടിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.