തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്. മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്നും കമ്മീഷന് അംഗം കെ.നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഉപയോഗ ശുന്യമായ പൊതു കിണറുകള്‍ നികത്താനും പൊതുസ്ഥലത്തെ കിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കാനും കുളങ്ങള്‍ സുരക്ഷിതമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യു വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ പുഴകളിലോ തടാകത്തിലോ, കിണറുകളിലോ വീണ് ജീവന് നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. കുളങ്ങള്‍ക്കും മറ്റും കമ്പിവേലിയോ അപകടസാധ്യത ചൂണ്ടിക്കാട്ടിയുള്ള ബോര്‍ഡോ മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങളോ ഉപയോഗിക്കണം. സ്വകാര്യ വ്യക്തികളുടെ കുളങ്ങളും തടാകങ്ങളും സംരക്ഷണ മതിലോ കമ്പിവേലിയോ കെട്ടി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം സ്ഥല ഉടമകള്‍ക്കായിരിക്കും. ഇക്കാര്യം പാലിക്കുന്നു എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണമെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതിനാവശ്യമായ വ്യവസ്ഥകള്‍ 2019 ലെ കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലും, മുനിസിപ്പാലിറ്റി റൂള്‍സിലും ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയും നഗരകാര്യം, പഞ്ചായത്ത് ഡയറക്ടര്‍മാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷയും സംരക്ഷണവും എല്ലാ മേഖലയിലും ഉറപ്പാക്കണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ദേശീയ ബോധവല്‍ക്കരണ ക്യാമ്പയിനായ രക്ഷക് പദ്ധതിയുടെ കേരള സ്റ്റേറ്റ് അംബാസഡര്‍ അമല്‍ സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

