ഗവർണറുടെ അഡീഷണൽ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗത്തെ നിയമിച്ചു; അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.കർത്തയെ നിയമിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഗവർണർക്ക് കത്ത് നൽകി. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് സർക്കാർ ഗവർണറെ അറിയിച്ചത്.

ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുൻ കൺവീനറുമായ ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ സർക്കാരിനോട് അഭ്യർത്ഥന നടത്തിയിരുന്നു. തുടർന്ന് ഗവർണറുടെ അഡീഷണൽ പിഎ ആയി ഹരി എസ് കർത്തയെ സർക്കാർ നിയമിച്ചു. ഈ നിയമന ഉത്തരവിനൊപ്പം സർക്കാർ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് തീരുമാനത്തിലെ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഒരു കത്തും അയച്ചു. സജീവ രാഷ്ട്രീയത്തിലുള്ള ഒരാളെ രാജ്ഭവനിൽ നിയമിക്കുന്ന കീഴ്വഴക്കം സംസ്ഥാനത്ത് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി നേരിട്ട് ബന്ധം പുലർത്തുകയോ അല്ലെങ്കിൽ അത്തരത്തിൽ സജീവമായി ബന്ധമുള്ളവരേയോ നിയമിക്കുന്ന രീതിയും കേരളത്തിൽ ഇല്ല. അത്തരം ഒരു കീഴ്വഴക്കം തുടരുന്നത് തന്നെയാണ് നല്ലത്. എന്നാൽ ഗവർണർ ഇക്കാര്യത്തിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ഈ നിയമനം അംഗീകരിക്കുന്നുവെന്നും കത്തിൽ പറയുന്നു. സംസ്ഥാന പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലാണ് കത്ത് അയച്ചത്.