കാട്ടാന ആക്രമണം തടയാൻ അതിരപ്പള്ളിയിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കും; വനംമന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം തടയാൻ നടപടിയുമായി സർക്കാർ. കാട്ടാന ആക്രമണം തടയാൻ അതിരപ്പള്ളിയിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വന്യജീവി ആക്രമണം തടയാൻ ഹ്രസ്വകാല -ദീർഘകാല പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ പഠനം നടത്താൻ പറമ്പിക്കുളം ഫോറസ്റ്റ് ഫൗണ്ടേഷനെ ചുമതലപ്പെടുത്തും. ആദിവാസി മേഖലയിൽ നിന്ന് 500 ഫോറസ്റ്റ് ബീറ്റ് ഓഫിസർമാരെ നിയമിക്കും. നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം പതിവാണ്. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ടത്. പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയാണ് മരിച്ചത്. ആഗ്നിമിയയുടെ അച്ഛനും മുത്തച്ഛനും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.