തിരുവനന്തപുരം: ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വിദ്യാർത്ഥികളും സ്‌കൂളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും നിർബന്ധപൂർവം സ്‌കൂളിൽ എത്തണമെന്ന തിട്ടൂരമൊന്നും സർക്കാർ ഇറക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകൾ തുറന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇന്ന് സ്‌കൂളുകൾ തുറന്നപ്പോൾ നല്ല നിലയിലുള്ള പങ്കാളിത്തമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി ക്ലാസുകൾ പൂർത്തിയാക്കി കൃത്യസമയത്ത് തന്നെ പരീക്ഷ നടത്തും. ചില അദ്ധ്യാപകസംഘടനകളുടെ അനാവശ്യമായ പ്രസ്താവനകൾക്ക് മറുപടി പറയാനില്ലെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച എല്ലാ കുട്ടികളും സ്‌കൂളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ ആദ്യദിവസങ്ങളിൽ കുട്ടികളുടെ കുറവുണ്ടായാലും രണ്ട് മൂന്ന് ദിവസത്തിനകം എല്ലാ കുട്ടികളും സ്‌കൂളിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലാണ് ഇന്നു മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. ബാച്ച് തിരിച്ച് ഉച്ചവരെയാണ് ക്ലാസുകൾ നടത്തുന്നത്. പ്രീപ്രൈമറി, അങ്കണവാടി ക്ലാസുകളും സംസ്ഥാനത്ത് ആരംഭിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

