ഇനി ഇളവുകളില്ല; മല കയറിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രിമാര്‍

തിരുവനന്തപുരം: മലമ്പുഴ ചെറാട് മലയില്‍ വീണ്ടും ആള്‍ കയറിയ സംഭവം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരവെ ബാബുവിന് ലഭിച്ച ഇളവ് ഇനി ആര്‍ക്കും അനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വനം-റവന്യൂ മന്ത്രിമാര്‍ അറിയിച്ചു. മല കയറാന്‍ ഇനി മുതല്‍ കൃത്യമായ നിബന്ധനകള്‍ ഉണ്ടാക്കുമെന്നും അനധികൃതമായി മല കയറുന്നവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ബാബുവും കൂട്ടരും മല കയറിയതില്‍ നിയമ ലംഘനം നടന്നെങ്കില്‍ പോലും കേസെടുക്കാതെ പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. കൂടുതല്‍ പേര്‍ മല കയറാനും, നിയമ ലംഘനം നടത്താനും ശ്രമിക്കുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഒരു കാരണവശാലും അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കൂടുതല്‍ ജാഗ്രതയോടെ പരിശോധന നടത്തും. കൂടുതല്‍ ആര്‍ആര്‍ടിമാരെ നിയോഗിക്കും- മന്ത്രി പറഞ്ഞു. ഇന്നലെ നടന്നത് ഗൗരവമുള്ള വിഷയമാണെന്ന് റവന്യൂ മന്ത്രി കെ രാജനും പ്രതികരിച്ചു. വിഷയം സമഗ്രമായി കളക്ടര്‍ പരിശോധിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടോ എന്ന് വിലയിരുത്തും. സാഹസിക യാത്രകള്‍ സര്‍ക്കാര്‍ തടയില്ല. പക്ഷെ, ഇത്തരം സംഭവങ്ങള്‍ പരിശോധിക്കാതെ വെറുതെ വിടില്ല-മന്ത്രി വ്യക്തമാക്കി.

ഫയര്‍ ഫോഴ്‌സില്‍ നിന്ന് പ്രചരിച്ച ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും കൃത്യതയുള്ള ഇടപെടലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഫയര്‍ ഫോഴ്‌സിന് പ്രത്യേകമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ എന്നത് വേണമെങ്കില്‍ പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി മറ്റാരെങ്കിലും മല കയറാന്‍ കാരണമാവുന്നുണ്ടെങ്കില്‍ ആ സംരക്ഷണം ആവശ്യമില്ലെന്ന് ബാബുവിന്റെ അമ്മ പറഞ്ഞു.