ന്യൂഡൽഹി: പൊതുജനങ്ങളുടെ ഇടയിൽ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമെന്ന് റിപ്പോർട്ട്. പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സാധാരണക്കാരോടും സമൂഹത്തിലെ ദുർബല വിഭാഗക്കാരോടുമുള്ള പൊലീസിന്റെ സമീപനം ശരിയായ രീതിയിലല്ലാത്തതാണ് പൊലീസിന്റെ പ്രതിച്ഛായ മോശമാകാൻ കാരണമെന്നാണ് പാർലമെന്ററി സമിതിയുടെ വിലയിരുത്തൽ.
രാജ്യത്തുടനീളം പൊലീസിനെക്കുറിച്ചുള്ള പൊതുവായ ചിത്രം അത്ര നല്ലതല്ലെന്ന കാര്യം സമിതി വേദനയോടെ അറിയിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായി അഴിമതി ആരോപണങ്ങൾ ഉയരുന്നതിലും സമിതി ആശങ്ക രേഖപ്പെടുത്തി. സാധാരണക്കാരോടുള്ള പൊലീസിന്റെ പെരുമാറ്റം വിമർശന വിധേയമാകുന്ന സാഹചര്യത്തിൽ പോലീസ് ട്രെയിനിംഗ് ശക്തമാക്കണമെന്ന നിർദ്ദേശവും സമിതി മുന്നോട്ടുവെയ്ക്കുന്നു. ജനങ്ങളുടെ അവകാശങ്ങൾ മനസിലാക്കി അതിനനുസരിച്ച് പെരുമാറുക എന്ന സമീപനമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും ഇക്കാര്യം ഊന്നിക്കൊണ്ടുള്ള പരിശീലനമാണ് ഇനി പൊലീസിന് നൽകേണ്ടതെന്നും സമിതി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
ഇതുസംബന്ധിച്ച് സർദാർ വല്ലഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാദമിക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. താഴെത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഐപിഎസ് തലം വരെയുള്ള എല്ലാവരുടേയും കൃത്യനിർവഹണം വിലയിരുത്താനുള്ള വിവിധ മാർഗങ്ങൾ ചോദിച്ചറിയണമെന്നും സമിതി നിർദ്ദേശിക്കുന്നു.

