പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയില്‍ ബാബു എന്ന യുവാവ് കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് കാണിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. 48 മണിക്കൂറിനുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കണമെന്നാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
40 മണിക്കൂറിലധികം ഒരു മനുഷ്യന് ജീവന് രക്ഷിക്കാനായി അപേക്ഷിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് ലോകം കണ്ടത്. ഈ വിവരങ്ങളൊന്നും തന്നെ സംസ്ഥാന ഓഫീസിലോ ടെക്നിക്കല്‍ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം നല്‍കിയില്ലെന്നും സ്ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നും നേരത്തെ പരാതികളുയര്‍ന്നിരുന്നു.
സൈന്യം വന്ന് ചെയ്ത അതേ കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയുള്ളവരായ സ്കൂബാ ടീം പാലക്കാട് ജില്ലയില്‍ തന്നെ ഉണ്ടായിരുന്നു. അവരെല്ലാം തന്നെ 400 മീറ്റര്‍ താഴ്ചയുള്ള കുന്നിന്ചെരിവുകളില് പോലും രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുള്ളവരാണ്. വടംകെട്ടി ആളുകളെ രക്ഷിച്ച് പരിശീലനം ഉള്ള ആളുകളുണ്ടായിരുന്നു. അവരെ ഒന്നും ഉപയോഗിക്കാതെ വെറുതെ നോക്കിനിന്നു എന്ന പരാതിയുയര്‍ന്നിരുന്നു. ജില്ലാ ഫയര്‍ ഓഫീസറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണവും ശക്തമായിരുന്നു.

