ന്യൂഡൽഹി: ഹിജാബുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ അത് കാണാൻ താൻ ജീവനോടെ ഉണ്ടാകില്ലെന്നും തന്റെ വാക്കുകൾ അടയാളപ്പെടുത്തി വെച്ചോളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിജാബ് ധരിച്ച പെൺകുട്ടികൾ കോളേജിൽ പോകും. ഹിജാബ് ധരിച്ച പെൺകുട്ടികൾ ജില്ലാകളക്ടറും മജിസ്ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കൽ ഹിജാബ് ധരിച്ച പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം വിശദമാക്കി. നമ്മുടെ പെൺമക്കൾക്ക് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാൽ രക്ഷകർത്താക്കൾ അതിന് പിന്തുണ നൽകും. ആർക്കാണ് അവരെ തടയാൻ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു.
കർണാടകയിൽ ഹിജാബ് വിവാദം കനക്കുകയാണ്. ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാർഥിനികളെ തടഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ വിദ്യാർത്ഥികൾ ‘ഐ ലവ് ഹിജാബ്’ എന്ന പേരിൽ ക്യാംപയിനും ആരംഭിച്ചിരുന്നു.

