വാവ സുരേഷ് ആരോഗ്യവാനായി ആശുപത്രി വിട്ടതിലെ സന്തോഷം; സൗജന്യ ഭക്ഷണവുമായി മലപ്പുറത്തെ കുടുംബശ്രീ ഹോട്ടല്‍

വാവ സുരേഷ് ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയതിലെ സന്തോഷം പങ്കുവെച്ച് മലപ്പുറം വണ്ടൂരിലെ കുടുംബശ്രീക്കാര്‍. കുടുംബശ്രീ ഹോട്ടലില്‍ സൗജന്യ ഭക്ഷണം വിളമ്പിയാണ് ഇവര്‍ സന്തോഷം പങ്കുവെച്ചത്. എന്നാല്‍, ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷമാണ് കുടുംബശ്രീക്കാര്‍ ഇക്കാര്യം വെളിപ്പടുത്തുന്നത്.

അങ്ങാടിയിലെ കച്ചവടക്കാര്‍, വിവിധ ഓഫീസുകളിലെ ഉദ്യോസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം പതിവായി മലപ്പുറം വണ്ടൂരിലെ കുടുംബശ്രീ ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനെത്താറുണ്ട്. ചോറ്, സമ്പാറ്, മീന്‍ കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, അച്ചാര്‍, മസാലക്കറി, പപ്പടം, പായസം അങ്ങനെ വിഭവ സമൃദ്ധമാണ് ഇവിടത്തെ ഊണ്. ഭക്ഷണശേഷം പണം നല്‍കാന്‍ കൗണ്ടറില്‍ എത്തുമ്പോള്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങാത്ത പശ്ചാത്തലത്തിലാണ് സര്‍പ്രൈസ് പൊട്ടുന്നത്.

പാമ്പ് പിടിത്തത്തിനിടെ കടിയേറ്റ വാവ സുരേഷ് ആരോഗ്യവാനായി ആശുപത്രിക്ക് പുറത്തിറങ്ങിയാല്‍ ഇത്തരത്തിലൊരു സന്തോഷ പ്രകടനം കുടുംബശ്രീ ഹോട്ടല്‍ പ്രസിഡന്റായ കെ സി നിര്‍മ്മല മനസില്‍ നേരത്തെ ഉറപ്പിച്ചിരുന്നു.