തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കാരവാന് പാര്‍ക്ക് വാഗമണില്‍ ആരംഭിക്കുന്ന ‘കാരവന് കേരള’ പദ്ധതിയുമായി ടൂറിസം വകുപ്പ്. വേനലവധിക്കു മുമ്പ് പാര്‍ക്ക് തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് ഒരു പുതിയ ഉല്പന്നം കൊണ്ടുവരുന്നത്. അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവന് പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി വിനോദ സഞ്ചാര മേഖലയെ തളര്‍ത്തിയ കാലത്തും പദ്ധതിയെ വിജയിപ്പിച്ച എല്ലാവര്ക്കും നന്ദി പറയുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് ഒരു പുതിയ ഉല്പന്നം കൊണ്ടു വരുന്നത്. ഹൗസ് ബോട്ടിന് ശേഷം ‘കാരവന് ടൂറിസം’. കൊവിഡ് പ്രതിസന്ധി വിനോദ സഞ്ചാര മേഖലയെ തളര്‍ത്തിയ കാലത്താണ് കേരളത്തില്‍ കാരവന് അവതരിപ്പിക്കുന്നത്. ഒരു പുതിയ ഉത്പന്നം എന്ന നിലയിലും പ്രതിസന്ധി ഘട്ടം എന്ന നിലയിലും വലിയ ആശങ്ക ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. കാരവന് ടൂറിസം വിജയിക്കില്ല എന്ന അഭിപ്രായം ചില കോണില്‍ നിന്നും ഉയര്‍ന്നു വന്നു. കാരവന് എന്ന ഉത്പന്നം വിജയിക്കും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ മാറി നില്‍ക്കാനല്ല, നവീനമായ ആശയങ്ങള്‍ അവതരിപ്പിച്ച് പ്രതിസന്ധിയെ തരണം ചെയ്യാനാണ് ശ്രമിച്ചത്.
കൊവിഡ് കാലത്ത് ഏറ്റവും അനുയോജ്യമായ ഒന്നാണ് കാരവന് ടൂറിസം എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. കാരണം, സുരക്ഷിതമായ യാത്ര, താമസം, ഭക്ഷണം, എന്നിവയാണ് ഈ കാലത്ത് ഓരോ സഞ്ചാരിയും ആഗ്രഹിക്കുന്നത്. ഇതെല്ലാം ഒരു കാരവാനില്‍ ലഭ്യമാകും. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ ഈ പദ്ധതി ഏറ്റെടുത്തിരിക്കുകയാണ്. ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നമ്മുടെ വിനോദസഞ്ചാര രംഗത്ത് കുതിപ്പേകുകയാണ് ‘കാരവന് കേരള’. 2021 ഒക്ടോബറില്‍ ആരംഭിച്ച കാരവന് പദ്ധതിയില്‍ സ്വകാര്യമേഖലയില്‍ നിന്നും ഇതുവരെ 303 കാരവനുകള്‍ക്കായി 154 വ്യക്തികള്‍/സ്ഥാപനങ്ങള്‍ ടൂറിസം വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ആദ്യ 100 കാരവന് പാര്‍ക്കുകള്‍ക്കായി 67 വ്യക്തികള്‍/സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നുകഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ കാരവന് പാര്‍ക്ക് വേനലവധിക്കു മുമ്പ് വാഗമണില്‍ തുറക്കാനുളള തയ്യാറെടുപ്പിലാണ്.
ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവര്‍ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് ഒരുങ്ങുന്നത്. കേരളത്തിലെ അറിയപ്പെടുന്നതും വികസിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് കാരവനില്‍ എത്താനാവും. കൂടാതെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഏറ്റവുമടുത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളില്‍ കാരവന് പാര്‍ക്കുകളുമുണ്ടാവും. രാത്രികാലങ്ങളില്‍ അവിടെ വിശ്രമിക്കാം. ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവന്‍പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നത്. 50 സെന്റ് ഭൂമിയാണ് കാരവന് പാര്‍ക്കുകള്‍ക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവന് അപേക്ഷകര്‍ക്ക് 7.5 ലക്ഷം രൂപ അല്ലെങ്കില്‍ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേര്‍ക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേര്‍ക്ക് 2.5 ലക്ഷം രൂപ അല്ലെങ്കില്‍ 5 ശതമാനം എന്നിങ്ങനെ സബ്സീഡി വിനോദസഞ്ചാര വകുപ്പ് നല്‍കുന്നുണ്ട്.
കേരളത്തിലെ പ്രകൃതിരമണീയമായ ഉള്‍ഗ്രാമങ്ങളില്‍ താമസിച്ച് ഗ്രാമീണജീവിതം അറിയാനുള്ള സൗകര്യം കാരവന് ടൂറിസത്തിന്റെ ഭാഗമാണ്. നെല്‍വയല്‍, കൃഷി, ജലസംഭരണി, ഉള്‍നാടന്‍ മല്‍സ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങള്‍, കലാകാരന്മാര്, കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി കാരവന് കേരള പദ്ധതിക്കുണ്ട്. ഇനി കാരവാനില്‍ കേരളം കാണാം…

