ഒന്നിലേറെ വാഹനങ്ങള്‍ ഓടുന്നുണ്ടെന്ന പേരില്‍ പാസ് നിഷേധിക്കരുത്; ടോള്‍ വിവാദത്തില്‍ മന്ത്രി കെ. രാജന്‍

പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കി.മി ചുറ്റളവിലുള്ളവര്‍ക്ക് സൗജന്യ യാത്രക്ക് അനുമതി നല്‍കാന്‍ റവന്യു മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഒന്നില്‍കൂടുതല്‍ വാഹനം ഓടുന്നുണ്ടെന്ന പേരില്‍ പാസ് നിഷേധിക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ഒരാളുടെ പേരിലുളള ഒന്നിലേറെ വാഹനങ്ങള്‍ക്ക് യാത്രാസൗജന്യം ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരു മാസമായി കമ്പനി ഇത് നല്‍കുന്നില്ല. പുതിയ അപേക്ഷകളും സ്വീകരിക്കുന്നില്ല. കൊടുങ്ങല്ലൂര്‍ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ 431 വാഹനങ്ങളുടെ അപേക്ഷകള്‍ തടഞ്ഞു വെച്ചിരിക്കുന്നതിനാലാണെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

എഞ്ചിനീയറുടെ അനുമതിയില്ലാതെ സൗജന്യ പാസിന് അനുമതി നല്‍കാനാവില്ല. ഇതിനെതിരെ പുതുക്കാട് എംഎല്‍എ കെ കെ രാമച്ചന്ദ്രന്റെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ നേരത്തെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. നിയന്ത്രണങ്ങള്‍ നീക്കുമെന്ന് കളക്ടറുമായുളള ചര്‍ച്ചയില്‍ തീരുമാനിച്ചെങ്കിലും ജില്ലാ ഭരണകൂടത്തില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെന്ന് ടോള്‍ അധികൃതര്‍ വ്യക്തമാക്കി.