വാഷിംഗ്ടൺ: പൈലറ്റില്ലാ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തി അമേരിക്ക. ഉക്രൈന് മേൽ റഷ്യ യുദ്ധ ഭീതിയുമായി നിൽക്കുന്നതിനിടെയാണ് അമേരിക്ക പൈലറ്റില്ലാ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തിയത്. യുദ്ധം പോലുള്ള അതിദുർഘട സമയങ്ങളിൽ മനുഷ്യന്റെ നിയന്ത്രണമില്ലാതെ പറക്കാൻ കഴിയുന്ന യുദ്ധോപയോഗ ഹെലികോപ്റ്ററാണ് ബ്ലാക്ക് ഹോക്ക്. ആദ്യമായാണ് പൂർണമായും സ്വയം നിയന്ത്രണാധികാരമുള്ള ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ മനുഷ്യ പൈലറ്റില്ലാതെ പറത്തുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ സിക്കോർസ്‌കിയുടെയും ഡിഫൻസ് ആംഡ് റിസർച്ച് പ്രോജക്ട് ഏജൻസിയുടെയും (DARPA) പങ്കാളിത്തത്തോടെയാണ് കെന്റക്കിയിലെ ഫോർട്ട് കാംപ്‌ബെല്ലിൽ നിന്നും ഫെബ്രുവരി 5 നാണ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തിയത്.
ഒരു ഓൺബോർഡ് കമ്പ്യൂട്ടർ തലച്ചോറിനെയാണ് മനുഷ്യനിയന്ത്രിതമല്ലാതെ പറന്നുയരുന്ന ബ്ലാക്ക് ഹോക്കിനെ നിയന്ത്രിക്കാൻ സജ്ജമാക്കിയിരുന്നത്. ഹെലിക്കോപ്റ്റർ ഉയരുമ്പോഴും താഴുമ്പോഴുമുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഒഴിവാക്കാനായി അത്തരം സമയങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള നിരവധി പ്രതിസന്ധികളുടെ പ്രോഗ്രാമുകൾ ഹെലികോപ്റ്റിലെ കൃതിമ ബുദ്ധിയിൽ ഫീഡ് ചെയ്യുന്നുണ്ട്. ഇങ്ങനെയാണ് പ്രശ്‌നങ്ങളെയെല്ലാം മറികടന്ന് പറക്കാൻ ഈ ഹെലികോപ്ടറിന് കഴിയുന്നത്. അപകടകരമായ യുദ്ധമേഖലകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനോ അപകടത്തിൽപ്പെട്ട സൈനികരെ വീണ്ടെടുക്കുന്നതിനോ ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാം.
ഹ്യൂമൻ മോഡിലേക്ക് മാറ്റിയാൽ ഈ ഹെലികോപ്റ്ററിനെ മനുഷ്യനും നിയന്ത്രിക്കാം. ഒരു മനുഷ്യ പൈലറ്റിന്റെ ആവശ്യമില്ലാതെ, ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെയുള്ള മുഴുവൻ ദൗത്യത്തെയും ഏറ്റെടുത്ത് നടത്താൻ ഇത്തരം പൈലറ്റില്ലാ ഹെലികോപ്റ്ററുകൾക്ക് കഴിയുമെന്നതിലൂടെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവയ്ക്ക് സാധിക്കും.

