വളരെയധികം മുൻകരുതലുകൾ സ്വീകരിക്കേണ്ട സമയമാണ് വേനൽക്കാലം. വൈറൽപ്പനി, ചർമ്മ രോഗങ്ങൾ തുടങ്ങി പലതരം രോഗങ്ങളും വേനൽക്കാലത്ത് കണ്ടുവരാറുണ്ട്. അമിതമായി സൂര്യപ്രകാശം നേരിടുമ്പോൾ പല തരത്തിലുളള രോഗങ്ങൾ ഉണ്ടാകാനുളള സാധ്യതയുണ്ട്. നിർജ്ജലീകരണം, സൂര്യാഘാതം, ഉഷ്ണാഘാതം തുടങ്ങി വിവിധ തരത്തിലുളള രോഗാവസ്ഥകളാണ് ഇതിൽ പ്രധാനമായും ഉണ്ടാകുന്നത്.
വേനൽക്കാലത്ത് ശരീര തളർച്ച, ക്ഷീണം, തലവേദന, മയക്കം തുടങ്ങിയ ലക്ഷണങ്ങളും തൊലിപ്പുറമേ പൊള്ളലേറ്റ തരത്തിലുളള പാടുകളും ഉണ്ടായേക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനുള്ള ചില പ്രതിരോധ നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം. വെയിലിൽ നിന്ന് മാറി നടക്കുക, ധാരാളം വെളളം കുടിക്കുക, പുറത്ത് പോകുമ്പോൾ കുട, തൊപ്പി, കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക, രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ വെയിലത്തുള്ള ജോലി ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ വേനൽക്കാല രോഗങ്ങൾ ഒരു പരിധി വരെ തടയാം.
കരിക്കിൻവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം തുടങ്ങിയവ കുടിക്കാം. ചർമ്മരോഗങ്ങൾ തടയാൻ സൺസ്‌ക്രീൻ, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ എന്നിവയും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വെയിലത്തു നിർത്തിയിടുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്താതിരിക്കാനും ശ്രദ്ധിക്കണം.
വേനൽക്കാലത്ത് നേത്രരോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കണ്ണിന് അലർജി, ബാക്ടീരിയ, വൈറസ് എന്നിവ വ!ഴി പകരുന്ന ചെങ്കണ്ണ്, കൺകുരു, കണ്ണിനുണ്ടാകുന്ന വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇവ ഒഴിവാക്കാനായി ശുദ്ധജലത്തിൽ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്.

