സൂപ്പർ താരം മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് ഒരേ ദിവസം. അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവവും കോറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രം ഹേ സിനാമികയുമാണ് ഒരേ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
മാർച്ച് 3 നാണ് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായ ഭീഷ്മപർവത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങിവരും ചിത്രത്തിൽ ഷേമിടുന്നുണ്ട്. ആനന്ദ് സി ചന്ദ്രൻ ക്യാമറയും വിവേക് ഹർഷൻ എഡിറ്റിങ്ങും സുഷിൻ ശ്യാം ചിത്രത്തിന് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.
ദ്വിഭാഷാ സിനിമയായി ഒരുങ്ങുന്ന ഹേ സിനാമിക എന്ന ചിത്രത്തിൽ യാഴാൻ എന്ന കഥാപാത്രമായാണ് ദുൽഖർ വേഷമിടുന്നത്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ദുൽഖറും ആലപിക്കുന്നുണ്ട്.