ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകൾ വേണ്ട; മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ വിവാദം തുടരുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളുടെ പ്രതികരണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകൾ വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് നിലവിൽ ഇതെന്നും മന്ത്രാലയം വ്യക്തമാക്കി. ഹിജാബ് വിഷയത്തിൽ അമേരിക്കയും പാകിസ്താനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.

കർണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ ബഹുമാനപ്പെട്ട കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളിൽ നിന്ന് കൊണ്ടാണ് വിഷയങ്ങൾ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവർക്ക് ഈ സാഹചര്യങ്ങൾ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് ലക്ഷ്യങ്ങൾ വച്ചുള്ള പ്രതികരണങ്ങൾ സ്വാഗതാർഹമല്ലെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കം ലോകം തിരിച്ചറിയണമെന്നായിരുന്നു ഹിജാബ് വിഷയത്തിൽ പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രതികരണം. പൗരത്വ നിയമഭേദഗതി, കശ്മീർ പുനസംഘടനയടക്കമുള്ള വിഷയങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ടതിന് പിന്നാലെ ഹിജാബ് വിവാദവും കൊഴുപ്പിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കത്തിലേ തടയിടാനാണ് ഇന്ത്യയുടെ ശ്രമം. മുസ്ലീം പെൺകുട്ടികളെ തീവ്രവാദികളായി മുദ്രകുത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിൽ മതസ്വാതന്ത്യം ഇല്ലാതാകുന്നുവെന്നും മുസ്ലീം സ്ത്രീകളും പെൺകുട്ടികളും പാർശ്വവത്ക്കരിക്കപ്പെടുകയാണെന്നും യുഎസ് അംബാസിഡറും റാഷദ് ഹുസൈനും പറഞ്ഞിരുന്നു.