ഹിജാബ് ആയാലും കാവി ഷാൾ ആയാലും സ്‌കൂളുകളുടെ പരിസരത്ത് അനുവദിക്കാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി ഖുശ്ബു

ചെന്നൈ: ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഹിജാബ് ആയാലും കാവി ഷാൾ ആയാലും സ്‌കൂളുകളുടെ പരിസരത്ത് അനുവദിക്കാൻ കഴിയില്ലെന്ന് ഖുശ്ബു വ്യക്തമാക്കി. വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും താരം പറഞ്ഞു. മതപരമായ ഒരു വസ്ത്രവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ പാടില്ലെന്നാണ് താരത്തിന്റെ നിലപാട്. തമിഴ്‌നാട്ടിൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ ചെന്നൈയിൽ ബിജെപി സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ഖുശ്ബു തന്റെ നിലപാട് വ്യക്തമാക്കിയത്.

ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാണ്. നിങ്ങൾക്ക് സ്‌കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിക്കാം. പക്ഷെ ക്യാംപസിനുള്ളിൽ കടന്നു കഴിഞ്ഞാൽ നിങ്ങൾ സ്‌കൂളിന്റെ നിയമങ്ങൾ അനുസരിക്കണമെന്ന് താരം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് പോകുമ്പോൾ യൂണിഫോം ധരിക്കണം. താൻ മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളാണ്. എന്നാൽ താൻ ഒരിക്കലും സ്‌കൂളിൽ ഹിജാബ് ധരിച്ചിട്ടില്ല. എന്റെ ഒരു സുഹൃത്ത് പോലും ഹിജാബ് ധരിച്ചിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി. കാവിഷാൾ ധരിച്ചു കൊണ്ട് സ്‌കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികളേടും തനിക്ക് ഇതേ അഭിപ്രായമാണെന്നും താരം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിപക്ഷത്തിനെതിരെ താരം രൂക്ഷ വിമർശനവും ഉന്നയിച്ചു. കുട്ടികളുടെ മനസ്സിൽ മതരാഷ്ട്രീയം തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നത്. കർണാടകയിൽ ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ ക്ലാസ് മുറികളിൽ നിന്ന് മാത്രമാണ് പുറത്താക്കിയിട്ടുള്ളതെന്നും കോളേജ് ക്യാംപസിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.ദേശീയപതാക താഴ്ത്തി പകരം ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർ കാവിക്കൊടി കെട്ടിയെന്ന ആരോപണത്തെയും താരം നിഷേധിച്ചു. കൊടി ഇല്ലാതിരുന്ന ഒരു കൊടി മരത്തിലാണ് പ്രതിഷേധക്കാർ കാവിക്കൊടി നാട്ടിയതെന്നാണ് ഖുശ്ബു വിശദമാക്കുന്നത്.