ഓർഡിനൻസ് ഇറക്കിയാലും റിപ്പോർട്ട് നൽകാൻ ഇപ്പോഴും തങ്ങൾക്ക് അധികാരമുണ്ട്; ലോകായുക്ത

തിരുവനന്തപുരം: സർക്കാർ ലോകായുക്ത ഓർഡിനൻസ് ഇറക്കിയാലും സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും തങ്ങൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി ലോകായുക്ത സിറിയക് ജോസഫ്. എന്നാൽ അത് പരിഗണിക്കണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്ക് സഹായം നൽകിയെന്ന ഹർജിയിൽ വാദം നടക്കവെയാണ് ലോകായുക്ത ഇക്കാര്യം അറിയിച്ചത്.

അതേസമയം ലോകായുക്തയ്ക്ക് മന്ത്രിസഭാ തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. മന്ത്രിസഭ സർക്കാർ ജീവനക്കാർ അല്ല. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാർ ആണെങ്കിൽ മാത്രമേ ലോകായുക്തക്ക് പരിഗണിക്കാൻ കഴിയൂവെന്നും സർക്കാർ പറയുന്നു.

മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനം ചോദ്യംചെയ്യാൻ കഴിയില്ലെന്നും സർക്കാർ അറിയിച്ചു. ധനകാര്യത്തെ ബാധിക്കുന്ന വിഷയം മന്ത്രിസഭയിൽ വെക്കുമ്പോൾ ധനമന്ത്രിയുടെ അനുമതി വേണ്ടേ എന്ന് ലോകായുക്ത ചോദിച്ചു. ഈ മൂന്നു തീരുമാനങ്ങളിലും ധനമന്ത്രിയുടെ തീരുമാനം ഇല്ലല്ലോയെന്ന ചോദ്യവും ലോകായുക്ത ഉന്നയിക്കുന്നു.