തിരുവനന്തപുരം: മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു അദ്ദേഹം.
ലോകായുക്ത നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഭേദഗതിക്കെതിരായ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെടുന്ന ഹൈക്കോടതി ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ തിരുവനന്തപുരം സ്വദേശിയും കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര് എസ് ശശികുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഇത്. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. സര്‍ക്കാരിന് മറുപടി നല്കാന് നിര്‍ദേശിച്ച ഹര്‍ജി അടുത്ത മാസം ഏഴിലേയ്ക്ക് മാറ്റുകയായിരുന്നു.
അതേസമയം, ഭേദഗതി നിലവില്‍ വരുന്നതോടെ പൊതുപ്രവര്‍ത്തകര്‍ അഴിമതിക്കാരാണെന്ന് ലോകായുക്ത കണ്ടെത്തി വിധി പറഞ്ഞാലും അതു നടപ്പാക്കണോയെന്നാണ് സര്‍ക്കാരിന് തീരുമാനിക്കാം.

