യുപി കേരളമായാല്‍ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരും; യോഗിക്ക് മറുപടിയുമായി പിണറായി

തിരുവനന്തപുരം: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി വ്യക്തമാക്കി.

മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന് യോഗി ആദിത്യനാഥ് ഭയപ്പെടുന്നുവെന്ന് പിണറായി ചൂണ്ടിക്കാട്ടി. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒത്തൊരുമയുള്ള ഒരു സമൂഹം ഉണ്ടാകും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപി തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല’ -എന്നാണ് യോഗി വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.