ബംബോലിം: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തി എഫ് സി ഗോവ. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളടിച്ച ഓര്‍ട്ടിസ് ഗോവയെ നാലു ഗോളിന് മുന്നിലെത്തിച്ചിരുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി ചെന്നൈയിന്‍ വലയിലെത്തിച്ച് ഓര്‍ട്ടിസ് ഹാട്രിക്കും ഗോവയുടെ ഗോള്‍പ്പട്ടികയും തികച്ചു.
മകാന്‍ ചോട്ടെയുടെ ഗോളില്‍ ആറാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ ഗോവ ഓര്‍ട്ടിസിന്റെ രണ്ട് ഗോളിലൂടെ ആദ്യ പകുതിയില്‍ തന്നെ 4-0ന് മുന്നിലെത്തിയതോടെ കളിയുടെ ഫലം ഏതാണ്ട് പൂര്‍ണമായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നാരയണ്‍ ദാസിന്റെ സെല്‍ഫ് ഗോള്‍ ചെന്നൈയിന്റെ തോല്‍വിഭാരം കൂട്ടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൂന്നാം ഗോളും നേടി ഓര്‍ട്ടിസ് ഹാട്രിക്കും ഗോള്‍പ്പട്ടികയും പൂര്‍ത്തിയാക്കി. 20, 41, 53 മിനിറ്റുകളിലായിരുന്നു ഓര്‍ട്ടിസിന്റെ ഗോളുകള്‍. പരിശീലന മത്സരത്തിന്റെ ലാഘവത്തോടെയാണ് ഗോവ ചെന്നൈയിന്‍ വലയില്‍ ഗോളടിച്ചു കൂട്ടിയത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ആടിയുലഞ്ഞ ചെന്നൈയിന്‍ പ്രതിരോധത്തിന് ഗോവയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
അഞ്ച് മത്സരങ്ങള്‍ക്ക് ശേഷമാണ് ഗോവ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുന്നത്. ഗോവയുടെ അവസാന ജയവും ചെന്നൈയിനെതിരെ ആയിരുന്നു. അതേസമയം കഴിഞ്ഞ നാലു മത്സരങ്ങളില്‍ ചെന്നൈയിന്റെ മൂന്നാം തോല്‍വിയാണിത്.

