ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട്: കൂര്‍മ്പാച്ചിമലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. വന പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുമായും മുഖ്യ വനപാലകമുമായി വിഷയം സംസാരിച്ചതിനെ തുടര്‍ന്ന് നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാബു കയറിയ മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്നതാണ്.