തുടര്‍ച്ചയായ രണ്ടാം ജയം; രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് ആദ്യ പരമ്പര

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് രണ്ടാം ഏകദിനത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒമ്പത് ഓവറില്‍ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ യുവ പേസ്ബൗളര്‍ പ്രസീദ് കൃഷ്ണയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ശര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ ആദ്യ പരയാണിത്.

76 റണ്‍സെടുക്കുന്നതിനിടെ വെസ്റ്റിന്‍ഡീസിന്റെ അഞ്ച് ബാറ്റര്‍മാരാണ് കൂടാരം കയറിയത്. 44 റണ്‍സെടുത്ത ശമര്‍ ബ്രൂക്ക്സാണ് വെസ്റ്റിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അവസാന ഓവറുകളില്‍ 24 റണ്‍സുമായി ഒഡെയാന്‍ സ്മിത്ത് പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 43 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും 49 റണ്‍സെടുത്ത കെ.എല്‍ രാഹുലും ചേര്‍ന്നാണ് കരകയറ്റിയത്. 83 പന്തില്‍ നിന്ന് സൂര്യകുമാര്‍ യാദവ് 64 റണ്‍സെടുത്തു.

അര്‍ധസെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ കെ.എല്‍ രാഹുല്‍ റണ്ണൗട്ടായി. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഇന്ന് തിളങ്ങാനായില്ല. അഞ്ച് റണ്‍സ് എടുത്ത രോഹിത് ശര്‍മയെ കെമര്‍ റോഷാണ് പുറത്താക്കിയത്. ഏകദിനത്തില്‍ ആദ്യമായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത റിഷഭ് പന്തിനും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. പന്തും കോഹ്ലിയും 18 റണ്‍സ് വീതമെടുത്ത് പുറത്തായി. വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡെയാന്‍ സ്മിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി