ലക്നൗ: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. സ്‌കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അദ്ദേഹം പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ പാകിസ്താന് ഒരു അവകാശവുമില്ലെന്ന് ഒവൈസി വ്യക്തമാക്കി.
ഹിജാബ് വിഷയത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വിമർശനം ഉന്നയിച്ചിരുന്നു. മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിലൂടെ മനുഷ്യാവകാശങ്ങൾ ഇന്ത്യ ലംഘിക്കുകയാണെന്നായിരുന്നു പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ഇതിനാണ് ഒവൈസി ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.
പാകിസ്താൻ അവരുടെ കാര്യം നോക്കിയാൽ മതി. ഇന്ത്യയിലെ കാര്യങ്ങൾ ഇവിടുള്ളവർ നോക്കും. മലാലയെ സംരക്ഷിക്കാൻ കഴിയാത്ത രാജ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ വരേണ്ടതില്ല. അവിടുത്തെ പെൺകുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട രാജ്യം ഇപ്പോൾ ഇന്ത്യയെ പഠിപ്പിക്കാൻ നോക്കുകയാണെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.