ചെന്നൈ: അനധികൃത മണല്‍ ഖനനക്കേസില്‍ മലങ്കര കത്തോലിക്കാ സഭാ ബിഷപ്പിനെയും അഞ്ച് പുരോഹിതരെയും തമിഴ്നാട് സിബിസിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. താമ്രപര്‍ണി നദിയില്‍ നിന്ന് മണല്‍ കടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസാണ് അറസ്റ്റിലായത്. വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, ജോര്‍ജ്ജ് സാമുവല്‍, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നീ പുരോഹിതരുമാണ് ബിഷപ്പിനൊപ്പം അറസ്റ്റിലായവര്‍.
തമിഴ്നാട് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. എല്ലാ പ്രതികളേയും റിമാന്‍ഡ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനേയും വികാരി ജനറലിനേയും പിന്നീട് തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ‘തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് കാലമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി രൂപതാ അധികൃതര്‍ക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ കാലയളവില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന നിലയില്‍ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനുവല്‍ ജോര്‍ജിനെതിരെ രൂപത നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്’ -സഭ വിശദീകരിക്കുന്നു.

