മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സംപ്രേക്ഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയാ വണ്‍ ചാനല്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് നേരത്തെ ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഗുരുതര സ്വഭാവമുള്ള ചില കണ്ടെത്തലുകളാണ് കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്ന് ഹൈക്കോടതി ഹര്‍ജി തള്ളികൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി.

ചാനലിന് വിലക്കേര്‍പ്പെടുത്തിയ കാരണം കാണിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ ഹാജരാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ഇല്ല എന്ന കാരണത്താലാണ് സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.