ഗൂഢാലോചന കേസ്: ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഭാവനാസമ്പന്നമായ കഥയാണ് ഈ കേസ്. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതല്‍ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ദിലീപ് ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തി തന്ത്രപൂര്‍വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതൊരു അസാധാരണമായ കേസാണ്. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.