മുംബൈ: ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന് വിട നൽകി രാജ്യം. ലത മങ്കേഷ്കറുടെ ഭൗതികശരീരം മുംബൈ ശിവാജി പാർക്കിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ലത മങ്കേഷ്കറിന് അദ്ദേഹം പുഷ്പാഞ്ജലി അർപ്പിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ആയിരങ്ങളാണ് ലതാ മങ്കേഷ്ക്കറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിലുണ്ടായിരുന്നു.
25 കിലോഗ്രാം ചന്ദനത്തടികൾ ഉപയോഗിച്ചാണ് ഭൗതിക ദേഹം ദഹിപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കാനായി വൈകുന്നേരം മൂന്ന് മണിമുതൽ പാർക്കിൽ ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും മൃതദേഹം ദക്ഷിണ മുംബൈയിലെ പെദ്ദാർ റോഡിലുള്ള വസതിയിലെത്തി പൊതുദർശനത്തിന് വെച്ചിരുന്നു. വിലാപയാത്രയായാണ് ലതാ മങ്കേഷ്കറുടെ മൃതദേഹം ശിവാജി പാർക്കിൽ എത്തിച്ചത്. ഭൗതിക ദേഹവുമായെത്തിയ വാഹനത്തെ ആയിരങ്ങൾ അനുഗമിച്ചു. സച്ചിൻ, അമിതാഭ് ബച്ചൻ, ശ്രദ്ധ കപൂർ, അനൂപം ഖേർ തുടങ്ങിയവർ മുംബൈയിലെ ആശുപത്രിയിലും ലതാ മങ്കേഷ്കറുടെ വീട്ടിലും സന്ദർശനം നടത്തിയിരുന്നു.ഞായറാഴ്ച്ച രാവിലെയാണ് ലതാമങ്കേഷ്കർ അന്തരിച്ചത്. കോവിഡാനന്തര ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
30,000 ലധികം ഗാനങ്ങൾ വിവിധ ഭാഷകളിലായി ലതാ മങ്കേഷ്കർ ആലപിച്ചിട്ടുണ്ട്. നൈറ്റിംഗേൾ ഓഫ് ഇന്ത്യ എന്നാണ് ലതാമങ്കേഷ്ക്കർ അറിയപ്പെടുന്നത്. സംഗീത ലോകത്തിന് തീരാ നഷ്ടം തന്നെയാണ് ലതാമങ്കേഷ്കറുടെ വിയോഗം.

