ഒവൈസിയുടെ ദീര്‍ഘായുസിനായി 101 ആടുകളെ ബലി നല്‍കല്‍; പ്രാര്‍ഥനയുമായി അനുയായി

ഹൈദരാബാദ്: അസദുദ്ദീന്‍ ഒവൈസി എം.പിയുടെ ദീര്‍ഘായുസിനായി 101 ആടുകളെ ബലികൊടുത്ത് പ്രാര്‍ഥനയുമായി ഒവൈസിയുടെ അനുയായി. ഒവൈസി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ച് നേരത്തെ വെടിവെപ്പുണ്ടാവുകയും അദ്ദേഹം പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഒവൈസിയുടെ ദീര്‍ഘായുസിനും സുരക്ഷക്കുമായി അനുയായികള്‍ വിവിധ സ്ഥലങ്ങളിലായി പ്രാര്‍ഥനകള്‍ നടത്തുന്നുണ്ട്.

വെടിവെപ്പ് സംഭവത്തിന് പിന്നാലെ ഒവൈസിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുകയും, ഒവൈസി ഇത് നിരസിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം ഡല്‍ഹിയിലേക്കുള്ള മടക്കത്തിനിടെയായിരുന്നു ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.