എന്ത് അധികാരത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്; ചോദ്യവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജിത്ത് സിംഗ് ഛന്നിയെ പ്രഖ്യാപിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തിയത്. എന്ത് അധികാരത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് എന്നാണ് ബിജെപി ചോദിക്കുന്നത്.

കോൺഗ്രസ് പാർട്ടിയിൽ രാഹുൽ ഗാന്ധി ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അതിനാൽ പ്രഖ്യാപനം നടത്താൻ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളതെന്നും കേന്ദ്ര ജലശക്തി മന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചോദിച്ചു. കോൺഗ്രസിന്റെ എം.പിമാരിൽ ഒരാൾ മാത്രമാണ് രാഹുൽ ഗാന്ധി. പാർട്ടിയിൽ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളതെന്ന് പഞ്ചാബിലെ ജനങ്ങൾക്ക് അറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ‘ഗാന്ധി’ എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഏക യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു.

ലുധിയാനയിൽ ഒരു വെർച്വൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരൺജിത് സിംഗ് ഛന്നിയെ പ്രഖ്യാപിച്ചത്.