ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച്ച വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച്ച വിധി പറയും. ഹർജിയിൽ വാദം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10.15 ന് ദിലീപിന്റെ മുൻകൂർജാമ്യാപേക്ഷയിൽ വിധി പറയുമെന്ന് ജസ്റ്റിസ് ഗോപിനാഥ് അറിയിച്ചു.

സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ബൈജു പൗലോസിന്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദത്തെയും പ്രോസിക്യൂഷൻ എതിർത്തു. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് കഴിഞ്ഞ ദിവസം കോടതിയിൽ പ്രതിഭാഗം വാദിച്ചത്.

തീർത്തും അസാധാരണമായ കേസാണിത്. പ്രതികൾക്കു മേൽ ഇപ്പോൾ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുൻകാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് ഈ പ്രതികൾ ക്വട്ടേഷൻ കൊടുത്തതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തിൽ ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്റെ ആരോപണം നിലനിൽക്കില്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഈ കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാറിനെ മുൻ പരിചയമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.