ഖജനാവ് കാലിയാക്കുന്ന പദ്ധതി; കെ-റെയില്‍ നടപ്പിലാക്കരുതെന്ന് കേന്ദ്രത്തിനോട് ബിജെപി സംഘം

ന്യൂഡല്‍ഹി: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബി ജെ പി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവരടങ്ങിയ സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.

പദ്ധതി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും, പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും ബിജെപി പ്രതിനിധികള്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഖജനാവ് കാലിയാകുന്നതിന് പദ്ധതി പ്രധാന കാരണമാകുമെന്നും സംഘം വാദിച്ചു. പദ്ധതിയിലെ സാങ്കേതിക പോരായ്മകള്‍ ഇ ശ്രീധരന്‍ വിശദീകരിക്കുകയും ചെയ്തു.

അതേസമയം, ഡിപിആര്‍ പൂര്‍ണമല്ലെന്നും, പദ്ധതി സാങ്കേതികമായും, സാമ്പത്തികമായും പ്രായോഗികമാണോ എന്ന് ഡിപിആറില്‍ വ്യക്തമാക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം പിമാരായ എന്‍ കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കിയത്.