രാജ്യത്തിന്റെ സ്വന്തം ഡിജിറ്റൽ കറൻസി ഈ വർഷം തന്നെ യാഥാർത്ഥ്യമാകും; പ്രഖ്യാപനവുമായി ധനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വന്തം ഡിജിറ്റൽ കറൻസി ഈ വർഷം തന്നെ യാഥാർത്ഥ്യത്തിലേക്ക്. ഈ വർഷം തന്നെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി യാഥാർത്ഥ്യമാകുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. റിസർവ്വ് ബാങ്കിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ കറൻസിയാകും പുറത്തിറക്കുക.

പുതിയ ഡിജിറ്റൽ കറൻസി പൂർണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ നിൽക്കുന്നതായിരിക്കും. ബ്ലോക്ക് ചെയിൻ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയെന്നാണ് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി അറിയിച്ചത്. ഡിജിറ്റൽ കറൻസി സാമ്പത്തിക മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ 1.5 ലക്ഷം തപാൽ ഓഫീസുകളിൽ കോർ ബാങ്കിംഗ് പദ്ധതി നടപ്പിലാക്കുമെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. നെറ്റ് ബാങ്കിങ്, എടിഎം സൗകര്യങ്ങൾ ലഭ്യമാക്കും. ബാങ്ക് അക്കൗണ്ടിലേയ്ക്കും തിരിച്ചും പണം കൈമാറാം. 2022 ൽ 1.5 ലക്ഷം തപാൽ ഓഫീസുകളിൽ 100 ശതമാനവും കോർ ബാങ്കിംഗ് സംവിധാനം നിലവിൽ വരും. ഇതോടെ പോസ്റ്റ് ഓഫീസുകളിൽ നെറ്റ് ബാങ്കിങ്, എടിഎം സൗകര്യങ്ങൾ സാധ്യമാകും. കൂടാതെ, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും ഇടയിൽ പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.