ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ; വഴിയെ പോകുന്ന ആർക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയെന്ന് സുരേഷ് കുമാർ

തിരുവനന്തപുരം: ദിലീപിന് പിന്തുണയുമായി നിർമ്മാതാവ് സുരേഷ് കുമാർ. ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ദിലീപിന്റെ ഫോൺ സർവീസ് ചെയ്ത സ്ഥാപനത്തിലെ സാങ്കേതികവിദഗ്ദൻ വാഹനാപകടത്തിൽ മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ ചെയ്യുന്നത്. നാളെ ദിലീപിന്റെ കാർ നന്നാക്കിയ വർക്ക് ഷോപ്പിലെ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതും ദിലീപിന്റെ പേരിലാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരാൾ അപകടത്തിൽ മരിക്കുന്നു. അവിടെ സിസിടിവി കാണില്ലേ? ഇതൊക്കെ മനഃപൂർവം ആരോ ചെയ്യിപ്പിക്കുന്നതാണ്. ഇനിയും വരും ഇതുപോലെ ഓരോ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആ കേസ് തീരുന്നതു വരെ ഇങ്ങനെ ഓരോന്ന് പൊക്കിക്കൊണ്ടു വരും. ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ ചെയ്യുന്നത്. ആരാണ് ഇതിന്റെ പിന്നിലെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ് ഇപ്പോൾ ചെയ്യുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല. പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതു പോലെയാണ് തനിക്കു തോന്നിയത്. ദിലീപിനെതിരെയുള്ള ഒരു കേസ് തീരാറായ സമയത്ത് ബാലചന്ദ്രകുമാർ എന്നൊരാൾ പ്രത്യക്ഷപ്പെടുന്നു. അയാൾ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് രേഖപ്പെടുത്തി പിന്നീട് അത് കേസായി വരുന്നു. ഇതൊക്കെ എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇത് വിശ്വസിക്കുന്ന കുറെ പേർ ഉണ്ട്. എന്നാൽ ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണോ. ഒരാളെ നശിപ്പിക്കുക എന്നതിൽ കവിഞ്ഞ് വേറൊന്നും ഇതിൽ കാണാൻ കഴിയില്ല. സിനിമാ ഇൻഡസ്ട്രി മുഴുവൻ മിണ്ടാതിരിക്കുകയാണ്. ദിലീപിന്റെ സംഘടനയിലെ ആളുകൾ പോലും സംസാരിക്കുന്നില്ല. അവർക്കൊക്കെ ആരെയോ ഭയമാണ്. എന്തിന് ഭയക്കണം? ഇത് ജനാധിപത്യരാജ്യമാണ്. ഒരാളെയും അയാളുടെ അമ്മ ഒഴിച്ച് ബാക്കി കുടുംബത്തെ മുഴുവനെയും തേജോവധം ചെയ്യുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വഴിയെ പോകുന്ന ആർക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയായി. മാനസികമായും അല്ലാതെയും ഉള്ള ഇത്തരം പീഡനം ഒരാൾ എങ്ങനെ സഹിക്കും. വേറെ ആർക്കെങ്കിലും ഇതുപോലെ സംഭവിച്ചിട്ടുണ്ടോയെന്നും എന്തെങ്കിലും ഒരു തെളിവ് വേണ്ടേയെന്നും അദ്ദേഹം പറയുന്നു. അയാൾ കുറ്റക്കാരനാണെങ്കിൽ അയാളെ ശിക്ഷിക്കൂവെന്നും അതിന് കോടതിയുണ്ടല്ലോയെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.