സുരേഷ് അപകടനില തരണം ചെയ്തു; ആരോഗ്യനില പ്രതീക്ഷ നൽകുന്നുവെന്ന് വി എൻ വാസവൻ

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് അപകടനില തരണം ചെയ്തു. മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ കെകാലുകൾ അനങ്ങി തുടങ്ങിയിട്ടുണ്ടെന്നും വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നുണ്ടെന്നും വി എൻ വാസവൻ അറിയിച്ചു. വാവ സുരേഷിന് ഇതുവരെ ഏറ്റിട്ടുള്ളതിൽവച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യനില പ്രതീക്ഷ നൽകുന്നുണ്ട്. ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയറിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നിലവിൽ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലാണെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

കോട്ടയം കുറിച്ചയിൽ വെച്ചാണ് വാവ സുരേഷിന് പാമ്പു കടിയേറ്റത്. മൂർഖനെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടി ചാക്കിൽ ഇടന്നതിനിടെയാണ് മൂർഖൻ കറങ്ങിവന്ന് തുടയിൽ കൊത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം വാവ സുരേഷിന് സർക്കാർ സൗജന്യ ചികിത്സ നൽകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് മന്ത്രി ചോദിച്ചറിയുകയും ചെയ്തു. എല്ലാവിധ വിദഗ്ധ ചികിത്സയും അദ്ദേഹത്തിന് ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു.