ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് കൂടുന്നു; ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് നഴ്‌സസ് യൂണിയന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സിങ് ഓഫീസര്‍മാര്‍ക്കിടയില്‍ ദിനംപ്രതി കൊവിഡ് വര്‍ധിക്കുന്നതില്‍ ആശങ്ക. രോഗം മൂലം അവശരാകുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് ആരോഗ്യ പ്രവര്‍ത്തകരെ ദുരിതത്തിലേക്ക് നയിക്കുന്നതായി കേരള ഗവ: നഴ്സസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ്.എം.അനസ് , സെക്രട്ടറി ജി.ജി ഗിരീഷ് എന്നിവര്‍ പറഞ്ഞു.

ജീവനക്കാരുടെ കുറവ് വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൊവിഡ് മൂലം തങ്ങള്‍ നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികള്‍ തരണം ചെയ്ത്, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി പെട്ടെന്ന് തന്നെ വീണ്ടും ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

സാമൂഹികാആരോഗ്യ സംരക്ഷണത്തിന് പ്രധാന പങ്കുവഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നിലവില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടന്‍ സ്വീകരിക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.