ചുരുളിക്കെതിരെയുള്ള ഹർജി പ്രശസ്തിയ്ക്ക് വേണ്ടി മാത്രമുള്ളത്; സിനിമയിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്ന് ഹൈക്കോടതി. സിനിമയ്‌ക്കെതിരെ നൽകിയ ഹർജി പ്രശസ്തിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ചിത്രത്തിലെ ഭാഷയെ വിമർശിക്കുന്നവരിൽ 90 ശതമാനവും ആളുകളും സിനിമ കണ്ടിരിക്കാൻ ഇടയില്ലെന്നും കോടതി പറഞ്ഞു. സിനിമ കണ്ടു വിമർശിക്കുന്നതാണെങ്കിൽ മനസ്സിലാക്കാം അല്ലാതെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ലെന്നും കോടതി അറിയിച്ചു. ചുരുളി ഭാഷ എന്നൊരു പ്രയോഗം തന്നെ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. 90 ശതമാനം പേരും സിനിമ കാണാതെയാവണം അഭിപ്രായം പറയുന്നതെന്നും കോടതി വ്യക്തമാക്കി.

അതേസമയം കോടതി നിയോഗിച്ച പ്രത്യേക പൊലീസ് സംഘം ചുരുളിയ്ക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സിനിമയുടെ പ്രദർശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും സിനിമയിലെ ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിനെ പൊതു ഇടമായി കണക്കാക്കാൻ കഴിയില്ല. ചിത്രത്തിന്റെ ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ലെന്നും സിനിമ ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രമാണെന്നുമാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചിട്ടുള്ളത്.

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും സിനിമ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടിയത്.