തിരുവനന്തപുരം: നിലവിലെ പ്രതിസന്ധികള്‍ നേരിടാനുള്ള തയ്യാറെടുപ്പ് കേന്ദ്ര ബജറ്റിലില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ പോലെ വളരെ കുറച്ച് വിഹിതം തന്നെയാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. ബജറ്റില്‍ കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികളില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഏറെ പ്രതീക്ഷകളോടെയാണ് കേരളം കേന്ദ്ര ബജറ്റിനെ കണ്ടത്. എന്നാല്‍, കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. എയിംസ് എന്ന ദീര്‍ഘകാലമായുള്ള കേരളത്തിന്റെ ആവശ്യവും നടപ്പിലായില്ല. ഇത് തികച്ചും നിരാശാജനകമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതീക്ഷിച്ച തൊഴിലവസരങ്ങളൊന്നും ഉണ്ടായില്ല. താങ്ങുവിലയും പ്രതീക്ഷിച്ചപോലെ വര്‍ധിപ്പിച്ചില്ല. വാക്‌സിന് വേണ്ടി നീക്കിവെച്ചതും വളരെ കുറച്ച് തുക മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി

