പ്രഥമ ഒളിമ്പിക് ഗെയിംസ് മെയ് 1 മുതല്‍ 10 വരെ

തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് ഏപ്രില്‍ 30ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന മന്ത്രിമാര്‍, മോഹന്‍ലാല്‍, കായിക രംഗത്തെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. ചടങ്ങില്‍ ടോക്യോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ ആദരിക്കും. മെയ് ഒന്ന് മുതല്‍ പത്ത് വരെയാണ് മത്സരം.

അത്‌ലറ്റിക്‌സ് ഉള്‍പ്പെടെ 24 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ 21 ഇനങ്ങളും തിരുവനന്തപുരത്താണ് നടക്കുക. വോളിബോള്‍ കോഴിക്കോടും ഹോക്കി കൊല്ലം അന്താരാഷ്ട്ര സ്റ്റേഡിയത്തിലും ഫുട്‌ബോള്‍ എറണാകുളത്തും നടക്കും. ജില്ലാ ഒളിമ്പിക് മത്സര ജേതാക്കളായ എണ്ണായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കും.

കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ഒളിമ്പിക് എക്‌സ്‌പോ സംഘടിപ്പിക്കും. ഏപ്രില്‍ 29ന് ആരംഭിക്കുന്ന എക്‌സ്‌പോ മെയ് പത്തിന് അവസാനിക്കും. സ്‌പോര്‍ട്‌സ് ഫോട്ടോ വണ്ടി പ്രയാണം ഏപ്രില്‍ 16ന് പി ടി ഉഷയുടെ ജന്മസ്ഥലമായ പയ്യോളിയില്‍ നിന്നും പുറപ്പെടും. അന്താരാഷ്ട്ര ഫോട്ടോ എക്‌സ്ബിഷന്‍ ഏപ്രില്‍ 30ന് ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.