ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായം; കെ ടി ജലീലിന്റെ ആരോപണങ്ങൾ തള്ളി സിപിഐ

തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ കെ ടി ജലീലിന്റെ ആരോപണങ്ങൾ തള്ളി സിപിഐ. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. ജലീൽ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിലെ കാര്യങ്ങളാകാമെന്നും കാനം പറഞ്ഞു.

തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നായിരുന്നു ജലീലിന്റെ ആക്ഷേപം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എംജി സർവകലാശാലയിൽ വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ പറഞ്ഞിരുന്നു.

സിറിയക് ജോസഫിന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്നും രക്ഷപ്പെടുത്താൻ സ്വന്തം സഹോദരി ഭാര്യക്ക് എംജി യൂണിവേഴ്‌സിറ്റി വിസി പദവി വിലപേശി വാങ്ങിയ ഏമാൻ എന്നായിരുന്നു ജലീൽ പറഞ്ഞത്. മൂന്ന് കേന്ദ്ര ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും നയാപൈസയുടെ ക്രമക്കേട് കണ്ടെത്താതെ പത്തി മടക്കി പിൻവാങ്ങിയപ്പോൾ പിണറായി സർക്കാറിനെ പിന്നിൽ നിന്നും കുത്താൻ യുഡിഎഫ് പുതിയ കത്തി കണ്ടെത്തി എന്നും ജലീൽ വ്യക്തമാക്കിയിരുന്നു.