തിരുവനന്തപുരം: നിയമ മന്ത്രി പി രാജീവിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയതിനാണ് ഇരുവർക്കുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. മന്ത്രി പി രാജീവിന്റെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകുകയായിരുന്നു.
ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഭരണ ഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന രീതിയിൽ മന്ത്രി പി രാജീവ് 25, 26 തീയതികളിൽ മാദ്ധ്യമങ്ങളോട് പൊതു പ്രസ്താവന നടത്തിയത് നിയമ സഭയോടുള്ള കടുത്ത അവഹേളനമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
സമാനരീതിയിലുള്ള വാദഗതികൾ ഉന്നയിച്ചുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ദിനപത്രത്തിൽ ലേഖനം എഴുതിയിട്ടുള്ളത്. ജനുവരി 28 നാണ് കോടിയേരി ദേശാഭിമാനിയിൽ ലേഖനം എഴുതിയത്.

